Tuesday 23 July 2013

ഗൃഹാതുരതയുടെ കേരളീയ പരിസരങ്ങള്‍

നൊമ്പരപ്പെടുത്തുന്ന നഷ്ടബോധം ആകാം ഗൃഹാതുരത.ഗാര്‍ഹിക മമത യെന്ന് പറയാം.കാലം കുതിരവേഗമാകുമ്പോള്‍ അതിനൊപ്പമെത്താനാകാതെ പകയ്ക്കുന്ന മനസിന്‍റെ വിഹ്വലതകള്‍ എന്ന് നിര്‍ വചിക്കാം.അവനവന്‍ ബോധത്തില്‍ തിടംവച്ച് വളര്‍ന്ന് സ്വത്വമായി രൂപാന്തരപ്പെട്ട് വേരുകളാഴത്തില്‍ വിരിച്ച് നില്‍ക്കുന്ന മനസ് ഇതാണെന്‍റെ ലോകമെന്ന് സ്വയം വിശ്വസിപ്പിച്ച്അടവച്ച് വിരിയിക്കുന്ന പുറം തിരിഞ്ഞ് നില്‍ക്കുന്ന വൈകാരിക കാലാവസ്ഥയാകാം ഗൃഹാതുരത.
ബഹിഷ്കൃതന്‍റെ ലോകമാണത്.പുതിയ കാലത്തിന്‍റെ ഉല്‍സവകാഴ്ചകളില്‍ നിന്നുള്ള സ്വയംവിടുതലാണത്.മാറാന്‍ കൂ ട്ടാക്കാത്ത നിലപാട്തറയിലാണവരുടെ നില്‍പ്പ്.ആധുനികത വികൃതമാക്കുന്ന ജീവിതപരിസരങ്ങള്‍തുറക്കുന്ന പുതുപ്റലോഭനങ്ങള്‍എകാകിയഅന്യനില്‍ സ്യഷ്ടിക്കുന്ന ദുരന്തവ്യസനങ്ങളാണ് ഗൃഹാതുരതയ്ക്ക് ട്റാജിക്ക് പരിവേഷം പകരുന്നത്.

      എന്‍റെ പഴയപാഠപുസ്തകങ്ങള്‍ അവയിലെ കഥകള്‍.കവിതകള്‍ ചിത്റങ്ങള്‍ ഇവയെല്ലാം നഷ്സ്വപ്നങ്ങളുടെ വിരുന്നുകാരാണ്.ക്ളാ ക്ളാ ക്ളീ ക്ളീ സുരേഷ് തിരിഞ്ഞുനോക്കി യെന്ന മൈനയുടെ പാഠം.വേലപ്പന്‍ ട്റാക്ടര്‍ പരിചയപ്പെടുത്തുന്ന പാഠത്തിലെ ശിവ ശിവ ആയിരം രൂപകൊണ്ട് ഒരാനയെ വാങ്ങാമല്ലോ  എന്ന കൃഷിക്കാരന്‍റെ ആത്മഗതം.
റാകിപ്പറക്കുന്ന ചെമ്പരുന്തേ എന്ന കവിത .റാകിപ്പറക്കുന്നത് പിന്നീട് വാനില്‍പ്പറക്കുന്നതെന്നായത്.സത്വരം ലോകമനോഹരമായൊരു ചിത്തിരമാസമണഞ്ഞിതാ ഭംഗിയില്‍ എന്ന കവിത.ഭാര്യയ്ക്കായി കൂട്ടുകാരനായ കുരങ്ങന്‍റെ ഹ്യദയം ചോദിച്ച മുതലയുടെ കഥ.മാമരം കോച്ചും തണുപ്പത്ത് താഴ്വര പൂത്തൊരുകുന്നത്ത് മൂളിപ്പുതച്ച് കിടക്കുന്ന കാറ്റ് തൈമാവിനെ താലോലമാട്ടുന്നത്.ഇങ്ങനെ ഒരുപിടി മുത്തുകള്‍ .മഷിതണ്ടും ചിതറിയ വളപ്പൊട്ടുകളുംഉടഞ്ഞ മഷിക്കുപ്പിയുംഗോട്ടികളിയും.ഓര്‍ക്കുവാന്‍ ഒട്ടേറെ.വയലും പുഴയും കൈതോലനാമ്പും ജയിപ്പിലയും.വിരസമായ സ്കൂള്‍ദിനങ്ങളില്‍ സമരതീക്ഷ്ണമായ കലാലയകാലത്ത്,കുറ്റിയില്‍ കോര്‍ത്തവിപ്ളവം.നൂല് പൊട്ടിയ പട്ടം.ഇഴ പൊട്ടാതെ  ഗൃഹാതുരത യുടെ സമൃദ്ധ ഭൂതകാലം.‍
കലങ്ങിയൊഴുകിയ മഴവെളത്തില്‍ കടലാസ് വഞ്ചി
ഒഴുക്കിയ ബാല്യം  ഇനിവരില്ല.മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കിയ കുട്ടിക്കാലവും.തുമ്പയും നമ്പ്യാര്‍വട്ടവും കമ്മലുപൂവും കാണാനേയില്ല.നമ്മുടെ ചെമ്മണ്‍പാതകള്‍ എവിടെ.നീന്തിത്തുടിക്കാന്‍ കൈത്തോട്.ഓലപ്പന്ത്.ഓലപ്പടക്കം.പൊട്ടാസ്.ഓണക്കളികള്‍.കൂട്ടുകുടുംബത്തിന്‍റെ ഇഴയടുപ്പം.മുത്തശ്ശിക്കഥകള്‍.ഊഞ്ഞാല്‍കാതുള്ള മുത്തശ്ശി.
   നഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങള്‍ക്ക് നീളമേറെ.നഷ്ടസൗഭാഗ്യങ്ങളിലേക്കൊരു തിരിച്ചുപോക്കില്ലന്ന് വേദനയോടെ തിരിച്ചറിയുന്നു.നഷ്ടങ്ങളെന്നും നഷ്ടങ്ങള്‍തന്നെയാണ്.

1 comment:

  1. എനിക്കെന്തു പറയേണ്ടു എന്നറിയില്ല..പക്ഷെ ഈ വരികൾ എന്നിലും ഗൃഹാതുരതയുടെ തീവ്രവേദന നിറക്കുന്നു...നന്ദി

    ReplyDelete